ഒരു പള്ളൂര്‍ക്കാരന്‍റെ ചിന്തകളിലേക്ക്.....

2012, മാർച്ച് 19, തിങ്കളാഴ്‌ച

ഒരു മാവോവാദി (കേരള മോഡല്‍ )

മാവോ ശശി ഒരു കത്തി വാങ്ങി:
ശരിക്കും മൂര്‍ച്ചയുണ്ട്‌ എന്ന് ഉറപ്പു വരുത്തി.
ഇടം കയ്യില്‍ പിടിച്ചു  വലം കയ്യിലെ തള്ളവിരല്‍
കത്തിയുടെ അഗ്രത്തില്‍ അമര്‍ത്തി,
ഇത്തിരി ചുടു ചോരയ്ക്ക്
മലിന ദേഹത്തില്‍ നിന്നും
മോചനം നല്‍കി ശശി  ഉറപ്പു വരുത്തി,
അതെ; കത്തിക്ക് മൂര്‍ച്ചയുണ്ട്‌
ഒറ്റ വെട്ടിനു തീര്‍ക്കണം.
ഇരുട്ടില്‍ ബൂര്‍ഷ്വാസി ഒറ്റയ്ക്ക്: 
വരുന്ന വഴിയില്‍ മാവോ പതുങ്ങിയിരുന്നു.
കൊല്ലും ഞാന്‍ .
.അവനെ കൊല്ലും
അരണ്ട വെളിച്ചത്തില്‍ .
.നിലാവ്  ഭൂമിയെ കെട്ടിപ്പിടിച്ച കിടക്കുന്ന
നേര്‍ത്ത നിഴലും കടന്നു അവന്‍  വരികയാണെന്ന്
മാവോ ശശി
ഉറപ്പാക്കി ..
മനതാരില്‍ ധൈര്യം കട്ടപ്പിടിച്ചു 
ചുണ്ടിലെ ബീഡികുറ്റി എല്ലാ ഓര്‍മകളെയും
വലിച്ചു ശ്വാസ നാളത്തില്‍ ഒട്ടിച്ചു വെച്ചു
ശശി പറഞ്ഞു കൊല്ലും ഞാന്‍  ആ മൂരാചിയെ
അവന്‍ വരികയാണ്...
കൂടുതല്‍ അടുത്തേക്ക്.....
കത്തി വലതു കയ്യില്‍ ബലമായി പിടിച്ചു
ഇരുന്ന ഇരുപ്പില്‍ നിന്നും ഒന്ന് മെല്ലെ പൊങ്ങി
ഇനി പത്തു വാര അത്രയേ ഉള്ളു ; 
അവന്റെ ചങ്കിലേക്ക്‌ കത്തി താഴ്ത്താന്‍.
പെരുവിരലില്‍ തുടങ്ങിയ തരിപ്പ്
തലച്ചോറോളം വളര്‍ന്നു..
മുഖത്ത് നിന്നും വിയര്‍പ്പായി..
പെരുവിരലിലേക്ക് തന്നെ തിരിചൊഴുകുന്നുണ്ട്.
ഇനി നാല് വാര  അത്രയേ ഉണ്ടായിരുന്നുള്ളു
മുതലാളിത്തം തുലയട്ടെയെന്ന മന്ത്രം
ഒന്ന് കൂടി ജപിച്ചു
കുത്താനായി ആഞ്ഞപ്പോഴയിരുന്നു
ഒരു നശിച്ച മുള്ള്  കാലില്‍ കൊണ്ടത്‌
അമ്മെ എന്നാ ശശിയുടെ അലര്‍ച്ച കേട്ടതും
മുതലാളി ചോദിച്ചു
എന്താ ശശി ഇവിടെ അസമയതിങ്ങനെ?
കത്തി താഴെയിട്ടു ശശി
മുതലാളിക്ക് ടോര്‍ച്ചും
തെളിച്ചങ്ങനെ ....
ചിരിച്ചങ്ങനെ ..
നടപ്പാണ്
പേരിപ്പോഴും
"മാവോ ശശി" തന്നെ .

2012, മാർച്ച് 11, ഞായറാഴ്‌ച

നാവ്

പല്ലുകള്‍ക്കിടയില്‍   ഒരമ്മയെ പോലെ നാവ്
പൊഴിഞ്ഞുപോയ പല്ലിനിടയില്‍
ഇടയ്ക്കിടെ ചെന്ന് നോക്കും .
മകന്റെ വരവ് :
കാത്തിരിക്കുന്ന അമ്മയെ പോലെ .
മക്കള്‍ക്കിടയില്‍ ഒരു 
മുള്ളോ നാരോ 
വിലങ്ങായി നിന്നാല്‍ 
പിന്നെ അതായി :
ഒരു മൃദു സ്വാന്തനമായി 
അവിടെ അങ്ങിനെ ....
തലോടി ഇരിക്കും  
എരിവിനെയും 
പുളിപ്പിനെയും 
മധുര്യത്തെയും
ഒരു പോലെ 
നുണഞ്ഞു;
ഉള്ളില്‍ 
ഉമിനീരിന്റെ 
സ്നേഹം കലര്‍ന്ന
മഹാസമുദ്രവുമായി











2012, മാർച്ച് 10, ശനിയാഴ്‌ച

ഒരു മരണവാര്‍ഡ്‌


                        ആകുലതയുടെ  ആല്‍ മരത്തിന്‍ ചുവട്ടില്‍ 
                        ഇനി ഒരു  നേര്‍ത്ത തിരിമാത്രം 
                        ഹോമ കുണ്ഡതിന്‍  ജിഹ്വയില്‍ നിന്നും 
                        പടുതിരിയായി  തെറിച്ചു വീണ ഈ തിരി 
                        ഒരു കാലത്തിനും വിളക്കാവില്ല

              ഇവിടുത്തെ ഓരോ വാക്കും  
              ഓരോ അപകടങ്ങളിലേക്ക് തുറന്നു വെച്ച വാതിലുകള്‍ 
              അടക്കാത്ത വാതിലുകള്‍ക്കപ്പുറത്തെ തിണ്ണയിലെ 
              പുല്‍പായയില്‍ പുലഭ്യം പറഞ്ഞിരിക്കയാണ് 
              ആഗ്രഹങ്ങള്‍  തളിര്‍ക്കാതെ പോയ ആത്മാവുകള്‍ 

                  ഇവിടുത്തെ ഓരോ കഫ ചുമര്ചിത്രങ്ങളും
                 കാലന്റെ കടയിലെ പറ്റെഴുത്തുകള്‍
                 കടം വീട്ടാതെപോയവര്‍ 
                 കടം കിട്ടാതെ പോയവര്‍ 
                 കിട്ടിയതും വീട്ടിയതും വെറുമൊരു ശ്വാസവായു
                 എന്നുരയ്ക്കുമൊരു തുറിച്ച കണ്ണ് 
               
                 ഉണങ്ങിയ ചോരയില്‍  ഉറുമ്പുകള്‍
                വലിയ കറുത്ത വൃത്തം ചമയ്ക്കുമ്പോള്‍
                മരണവാര്‍ഡിനപ്പുറം  ആത്മാക്കളുറങ്ങും
                അരയാലിനോടൊരു കാറ്റ് ചൊല്ലുന്നു 
           
                ഇത് തളിരിലകള്‍ക്കു  വളരാനുള്ള കാലമല്ല    
                ഇത് ഒരു ചെടിയ്ക്കും പൂക്കാനുള്ള കാലമല്ല                                                                                                                      
                ഇത് പാപത്തിന്‍  അമ്ല രസം കുടിച്ചു കൊണ്ട്
                വിറളി പിടിച്ചോടുന്ന മൃത്യുപക്ഷം 

                തലയോട്ടിയില്‍ നിറച്ചുവെച്ച ഓര്‍മകളുടെ കലം 
                തറയിലെരിഞ്ഞുടയ്ക്കാന്‍ 
                പുഴുവരിച്ച കാലുകള്‍ കാലന്റെ 
                വരവിനായി നീട്ടിയിരിക്കും ഒരു മരണവാര്‍ഡ്‌   
                
               
               

2012, മാർച്ച് 9, വെള്ളിയാഴ്‌ച

ശേല്‍വാണ്ടി എന്നാ കൂഷ്മാണ്ടി


ഇപ്പോളാണ്  കോമരത്തിന് കാര്യം തെളിഞ്ഞു കിട്ടിയത് ..കേരളത്തിലെ സീ പീ എം എന്നാ പ്രസ്ഥാനം ഈ അടുത്ത് എടുത്ത നിലപാടുകള്‍ കൃത്യമായുള്ളത് തന്നെ ആയിരുന്നു .  ഈ വെളിപാട് വരാനുള്ള കാരണം ശേല്‍വരാജന്‍ രാജിവെക്കാനുള്ള കാരണങ്ങള്‍ പറഞ്ഞപ്പോള്‍ കൃത്യമായി മനസ്സിലായി ..രാജിക്കുള്ള കാരണങ്ങള്‍ പരിശോധിച്ചാല്‍ തെളിയുന്ന വസ്തുതയും രാജി നടപടി തെളിയിക്കുന്ന വസ്തുതയും ഇതാണ് ..എന്നെയും എന്റെ കൂടെയുള്ളവരെയും ജില്ല നേതൃത്വം അകാരണമായി പീഡിപ്പിക്കുന്നു അതായതു ഞാന്‍ എന്നാ ശേല്‍വരാജന്‍ കുറച്ചു സില്‍ബന്ധികളെയും കൊണ്ട്  രാജാവായി കഴിയുകയായിരുന്നു  
പാര്‍ടി സീ പീ എം ആയതിനാല്‍ ഈ മഹാന്റെ രോഗം കൃത്യമായി മനസ്സിലാക്കിയത് കൊണ്ട് തന്നെയാവണം പാര്‍ടി സംസ്ഥാന സമ്മേളനത്തില്‍ പോലും പ്രധിനിതി ആക്കാതിരുന്നത് ,തനിക്കു എം എല്‍ എ ആകാനും മത്സരിക്കാന്‍ സീറ്റും തന്ന പാര്‍ടിയോട് ഒന്നും ആലോചിക്കാതെ ..ഇന്ന് രാവിലെ വെളിപാട് വന്ന ഈ കൂഷ്മാണ്ടി സത്യത്തില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ എങ്ങാനും ഉണ്ടായിരുന്നെങ്കില്‍  പാര്‍ട്ടിയെ തന്നെ കുളിപ്പിച്ച് കിടതിയേനെ ..ഇതൊരു .ആറ്റിലേക്ക് ചാഞ്ഞ മരം ആണെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ ആവണം ഈ സാധനത്തിനെ പാര്‍ടി വേദികളില്‍ നിന്നും പാര്‍ടി നേതൃത്വം ഒഴിവാക്കി നിര്‍ത്തിയത് ..പാര്‍ടിയില്‍ വിഭാഗിയത ആണ് തന്റെ രാജിക്ക് കാരണം എന്ന് പറയുന്ന ടിയാന്‍ പാര്‍ട്ടിയുടെ അനുഭാവിയായി തുടരും എന്നും പറയുന്നതില്‍ ഒരു യൂധാസിയന്‍ തിയറി ഉണ്ട് .അതായത് എം എല്‍ എ സ്ഥാനം പാര്‍ടിയോട് ആലോചിക്കാതെ രാജിവച്ചതിനാല്‍  പാര്‍ടി നടപടി എടുക്കുകയും നടപടിയുടെ ഭാഗമായി പുറത്താക്കപെട്ടാല്‍ ഒരു ക്രൂശിത പരിവേഷം ലഭിക്കുകയും ..ജന്മന  ഉള്ള പൊതുസേവന തല്പരതയുടെ ത്വര ഉള്ളില്‍ ഉള്ളതിനാല്‍ ജനസേവനത്തിന് മുന്നേ തീരുമാനിച്ചുറപ്പിച്ച പാര്‍ടിയിലേക്ക്  ക്രൂശിത പരിവേഷത്തോടെ കടന്നു ചെല്ലാന്‍ കഴിയും എന്നുമുള്ള ശരിയായ ഉദര പൂരണ രാഷ്ട്രീയ നാടകം ആണ് ഉദേശിക്കുന്നത്  ഏതായാലും സീ പീ എം എന്നാ പ്രസ്ഥാനത്തെ സ്നേഹിക്കുന്നവര്‍ക്ക് സന്തോഷിക്കാം ..ഈ കൂഷ്മാണ്ടിയുടെ നേതൃത്വത്തില്‍ എങ്ങാനും ആയിരുന്നു തിരുവനതപുരം ജില്ല നേതൃത്വം എങ്കില്‍  പണ്ടേ  പ്രസ്ഥാനത്തെ ഒറ്റു കൊടുത്തേനെ ..പിന്നെ പിറവം ഇലെക്ഷന്‍ മുന്നില്‍ നില്‍ക്കുന്നത് കൊണ്ടുള്ള ,,ചന്കിടിപ്പോന്നും സീ പീ എം പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകുമെന്ന് ഈ കോമരത്തിന് തോന്നുന്നില്ല പ്രവര്‍ത്തകര്‍ക്ക് തോന്നുകയും വേണ്ട .കാരണം .ഈ മന്ത്രിസഭയെ എം എല്‍ എ മാരെ വിലക്കെടുത്തു അട്ടിമറികല്‍  സീ പീ എം ഉദ്ദേശിക്കുന്നില്ല എന്നതിന് ഈ മന്ത്രിസഭാ ഇവിടെ നിലനില്‍ക്കുന്നു എന്നത് തന്നെയാണ് തെളിവ് .സഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷി ആയിട്ടും സീ പീ എം ഈ മന്ധ്രിസഭയുടെ സ്വാഭാവിക മരണത്തിനു കാത്തിരിക്കുന്നത് ...ചില മൂല്യങ്ങളില്‍ അടിയുരച്ചത് കൊണ്ട് തന്നെയാണ് ..പിന്നെ ഇന്നത്തെ ശേല്‍വരാജന്‍ നാളത്തെ സിന്ധു ജോയ് എന്നാണല്ലോ പുതിയ ചൊല്ല് 
 

2012, മാർച്ച് 6, ചൊവ്വാഴ്ച

മതേതരത്വ വാദി മതേതരത്വ വാദി

ചില നാമങ്ങള്‍ക്ക് 
നെഞ്ചകത്ത് നന്മയുടെ സുഗന്ധം 
നിറയ്ക്കുന്ന കവിതയായി മാറാന്‍ കഴിയും 
യേശുദേവന്‍: മുഹമ്മദ്‌ നബി" ശ്രീ കൃഷ്ണന്‍ 
ബുദ്ധന്‍: മഹാവീരന്‍: അങ്ങിനെയങ്ങിനെ 
ലോകം ഈ നാമങ്ങളെ ഓര്‍ക്കാതെ 
ഒരു ദിനം പോലും കടന്നു പോകാറില്ല 
കാരണം ഈ പേരുകള്‍ തന്നെ ഒരു മഹാകവ്യമാകുന്നു 
ഈ നാമങ്ങളില്‍ എന്റെ പര്യായവും
ഈ നാമങ്ങളുടെ "കര്‍മത്തില്‍ "
എന്റെ "ക്രിയയും"
ഉണ്ടെന്നരിയുവോന്‍ "കര്‍ത്താവിനോടോട്ടി" നില്‍ക്കും
അവന്‍ മതേതരത്വ വാദിയാകും
ഈ നാമങ്ങളില്‍ ഏതെങ്കിലും ഒന്നിനെ മാത്രം ശരിയെന്നു നിനക്കുവോന്‍
ഭീകരവാധിയോ ഭീരുത്വ വാദിയോ ആകും തീര്‍ച്ച >

കുരുമുളക് വള്ളിയും മുത്തശ്ശിയും


ഈ കുരുമുളക് വള്ളികള്‍ മുത്തശ്ശിയോട് പറഞ്ഞത്
ഞാന്‍ കേട്ടിരുന്നില്ല
എങ്കിലും
എല്ലാ പ്രഭാതങ്ങളിലും ഈ കുരുമുളക് വള്ളി കെട്ടി പിടിച്ചു കയറുന്ന
കവുങ്ങിന് ചുവട്ടില്‍ ഇളം വെയിലേറ്റു
മുത്തശ്ശി
എല്ലാം മറന്നോ ..എന്തോ ഓര്തുകൊണ്ടോ.:
നില്‍ക്കുന്ന കാഴ്ച എന്റെ
കണിയായിരുന്നു
ഉണങ്ങിയാല്‍ വിലവരുന്ന കുരുമുളകും
ചത്തപ്പോള്‍ വില വന്ന മുത്തശ്ശിയും
ഒരേ തൂവല്‍ ചിറകുള്ളവരാനെന്നു
തോന്നിയതേയില്ല
മുത്തശിക്ക് വായ്ക്കരി വെക്കും വരെ ..
പക്ഷെ :
ഇന്നലെ ഞാനത് കണ്ടു
ഒരേ വള്ളിയില്‍..പല നിറങ്ങളില്‍
കുരുമുളക് മണികള്‍
ചിലത് പഴുക്കാതെ പച്ചയില്‍
ചിലത് കാവി നിറത്തില്‍
ചിലത് കട്ടി ചുവപ്പില്‍
എല്ലാം ഒരേ നാഭീ നാളത്തില്‍ നിന്നും
തെറിച്ചു വന്നു കാലമാകാന്‍ കാത്തിരിപ്പാണ്
പക്ഷെ ഉണങ്ങിയാലെ വിലവരൂ
എന്റെ ചത്ത മുത്തശ്ശിയെപോലെ

2012, മാർച്ച് 4, ഞായറാഴ്‌ച

ശിവോഹം

ശിവോഹം 

ശിവരാത്രി തന്നെയാണീ ആസുരകാലത്തിനു
ചേര്‍ന്ന ആഘോഷം 
തലയില്‍ ബോംബു വീഴാതെ മൃത്യുഞ്ജയ മന്ത്രം
ജപിച്ചിരിക്കും ഈ ഈയാം പാറ്റകള്‍ക്ക് ;
ഹിമഗിരിയുടെ ജനല്‍ പാളികള്‍ക്കിടയിലൂടെ
മൂന്നാം കണ്ണ് കാണിച്ചു തരുന്നത്; 
വിഷലിപ്തമായ വര്‍ത്തമാനത്തില്‍ 
തൊണ്ടയില്‍ കുടുങ്ങുന്ന നീല ജലം .
അധികാരി പറയുന്നതൊക്കെ
തൊണ്ട തൊടാതെ വിഴുങ്ങുമീ
കാലത്തില്‍
ശിവരാത്രി തന്നെയാണീ ആസുരകാലത്തിനു
ചേര്‍ന്ന ആഘോഷം ...
ഉറക്കമില്ലാതെ കിടക്കുന്ന കട്ടിലില്‍
ഓര്‍മകളുടെ തര്‍പ്പണം
ഗംഗയില്‍ ഒഴുക്കപെടുന്നതിനെക്കാള്‍
ആത്മാവുകള്‍ ഗതികിട്ടാതെയും
ഗതിയറിയാതെയും താണ്ടവം ആടുമ്പോള്‍
ലോകമാകെനിദ്രവിഹീനാമം മഹാശിവരാത്രി നിറയുന്നു.
നന്ദികേശന്‍ മൂവുലകിനും കാവലായി
ത്രയംബകം യജാമഹം ജപിച്ചേ ഇരിക്കെ ...
നമ്മുക്കായിആരും ഉറക്കം ഒഴിഞ്ഞിരിക്കുന്നില്ല
നമ്മള്‍ അല്ലാതെ ;
മഹാ നഗരത്തിന്റെ വെള്ളി വെളിച്ചത്തില്‍
കിനാവുകള്‍ ഉറക്കതിന്മേല്‍
അടയിരിക്കുമ്പോള്‍
ജീവനില്ലാത്തത് ശവവും
ജീവനുള്ളത് ശിവവും ആകുമ്പോള്‍
ശിവരാത്രി തന്നെയാണീ ആസുരകാലത്തിനു
ചേര്‍ന്ന ആഘോഷം .

2012, മാർച്ച് 2, വെള്ളിയാഴ്‌ച

വാനപ്രസ്ഥം


കഴുതയായി ജീവിക്കേണ്ടി വരുന്ന ;
കുതിരകളെ  പ്രവാസികള്‍ എന്ന് വിളിക്കരുത് .
അവര്‍ ഇരുനിലയുള്ള ഇരുമ്പ് കൂടിലെ
ബെഡ് സ്പൈസില്‍ കിടന്നു  ;
നാട്ടില്‍ കെട്ടുന്ന ഇരുനില മാളികയ്ക്കു
പ്ലാന്‍ വരയ്ക്കുന്ന ഇരുകാലികള്‍ മാത്രം ആണ്
ഇരുണ്ട ചുമരില്‍  കുടുംബചിത്രം കാണുമ്പോള്‍ 
ജീവന്‍ ഉണ്ടെന്നു ഉറപ്പു വരുത്തുന്ന  നിശ്വാസം .
കരയാതെ തന്നെ കാമം പതഞ്ഞൊഴുകുന്ന കഴുതയെ ;
കുതിര ശക്തിക്കുള്ള അളവുകോല്‍ ആക്കരുത്  .
ക്രെഡിറ്റ്‌ കാര്‍ഡു ഉരച്ചു അന്നം തിളപ്പിക്കുന്ന ;
പനിക്കിടക്കയില്‍  നട്ടുച്ച തോല്‍ക്കുമ്പോള്‍ ;
പെനഡോള്‍  ഡിന്നര്‍ കഴിഞ്ഞു .
നാടിലുള്ളവര്‍ ഭക്ഷണം കഴിച്ചോ എന്ന്
ഫോണില്‍ ഉരയ്ക്കുന്ന തറവാടിത്തമുള്ള കുതിരയെ
കഴുതയെന്നും  വിളിക്കരുത് .
അല്ലെങ്കിലും തെക്കിനിയിലെ പ്ലാവില്‍
ആത്മാവിനെ ആണിയടിച്ചു കൊളുത്തിയിട്ടു
പടിയിറങ്ങി പോയ പ്രവാസിയെ
കുതിരയെന്നോ കഴുതെയെന്നോ വിളിച്ചോളൂ
കൂട്ടുകാരന്‍ എന്ന് മാത്രം വിളിക്കേണ്ട .

ചിതലരിച്ചതില്‍ ബാക്കി ആയതു ..


തിരക്കിനിടയില്‍  അബു ആഹ്മെദ്‌  ആണ്  ആ മനുഷ്യരൂപത്തെ എന്റെ മുന്നില്‍  കൊണ്ട് വന്നു തന്നത്
ചൂഫ്  യാ നീല്‍..ലേഷ്  രിധ് ആദ നഫര്‍ ( അനീല്‍ ഇയാള്‍ക്ക് എന്താ വേണ്ടതെന്നു നോക്ക് )
ഞാന്‍ ആരൂപത്തെ നോക്കി ; അയാള്‍ എന്നെയും .  അറബികളുടെ മാതിരി കന്തുര  ധരിച്ചത് കൊണ്ട് ഒറ്റ നോട്ടത്തില്‍ ആള്‍ ഏത് ദേശക്കാരന്‍ ആണെന്ന്  തിരിച്ചറിയാന്‍  പറ്റുമായിരുന്നില്ല .. ഈ ഇടേയായി എയര്‍പോര്‍ട്ടില്‍ കാണുന്ന ആള്‍ക്കാരെ ദൂരെ നിന്നെ നോക്കി ആ വരുന്ന ആള്‍ ഏത് നാടുകാരന്‍ ആണെന്ന് പന്തയം  വെക്കുക എന്നത്  എന്റെയും കോയാക്ക യുടെയും  ഇഷ്ട വിനോദങ്ങളില്‍ ഒന്നായത് കൊണ്ട് (നേരം പോക്കിന് അങ്ങിനെയും ഒരു കളി!!!!! ദേശങ്ങളെ ഭരണാധികാരികള്‍ പങ്കു വെക്കുന്നു:  ഞങ്ങള്‍ ആ ജനതയെ തിരിച്ചറിയാന്‍ പന്തയം വെക്കുന്നു ) ഞാന്‍ ആദ്യം മനസ്സില്‍  അയാളെ  ബംഗ്ലാദേശിന്റെ  അതിര്‍ത്തിയില്‍  കൊണ്ട്  വെച്ച്  ചോദ്യം ബംഗാളിയില്‍ ആക്കി
"കീ  ബന്ധു  ഭായി " അയാള്‍ ഒരു നിമിഷം പകച്ചു  പിന്നെ  എന്നോടു  ചോദിച്ചു
"ഇങ്ങള്  മലയാളിയല്ലേ ".. എന്റെ കണക്കു തെറ്റി ..ഇന്ന് ഏതാവനെ ആണാവോ കണി കണ്ടത്  രാവിലത്തെ ഫ്ലൈറ്റില്‍  വന്ന മൂന്നു പേരെ നോക്കി  ഞങ്ങള്‍ പന്തയം വെച്ചു മൂന്നിലും  കോയാക്ക ജയിച്ചു   ഇപ്പോഴിതാ  നാലാമത് ഒരെണ്ണം  നേരെ മുന്നില്‍ വന്നു നിന്ന് തോല്‍പ്പിക്കുന്നു  ഛെ  ഏതായലും  ഈര്‍ഷ്യ മുഖത്ത് കാണിക്കാതെ  "അതെ "എന്ന് പറഞ്ഞു
"ഈ റിയാദില്‍ നിന്നുള്ള  ഫ്ലൈറ്റ് എത്ര മണിക്കാ"
ഞാന്‍ ഷെഡ്യൂള്‍ സ്ക്രീനില്‍ നോക്കി   അപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത് റിയാദ് ഫ്ലൈറ്റ്  മൂന്നു മണിക്കൂര്‍  ലേറ്റ് ആണ് .
"മൂന്നു മണിക്കൂര്‍ ലേറ്റ് ആ "ഞാന്‍ പറഞ്ഞു
"കെണിഞാല്ലോ  പടച്ചോനെ "
'ഹും എന്ത് പറ്റി"
"ഏയ്‌ ഒന്നുമില്ല  ഖഫീല്‍ റിയാദില്‍ നിന്നും വരുന്നുണ്ട് മൂപ്പരെ കൂട്ടാന്‍ വേണ്ടി വന്നതാ  ഇനിയിപ്പോള്‍ പോയിട്ട് തിരിച്ചു വരിക എന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടാണല്ലോ "
എന്നാല്‍ പിന്നെ അവിടെയെങ്ങാനും പോയി സമയം കൊല്ലു  മനുഷ്യന് വേറെ പണിയുണ്ട് എന്ന് പറയാന്‍  തോന്നിയതാ പക്ഷെ നാവടക്കി  ഈ ഇടേയായി  പണ്ടത്തെ പോലെ ദേഷ്യം ഒന്നും  പെട്ടെന്ന്  വരാറില്ല എന്തോ  ഒരു പക്ഷെ  ഈ അബു ആഹ്മെധിന്റെ  കൂടെയുള്ള സഹവാസം  എന്നെ അങ്ങിനെ ആക്കിത്തീര്‍ത്തു എന്ന് തോന്നുന്നു ..മൂപ്പരുടെ  ഹദീസുംപറച്ചിലും   സഹാബികളുടെ  വീരകഥയും  പിന്നെ റസൂലിന്റെ പേര് പറയുമ്പോഴേക്കും  കണ്ണ് നിറഞ്ഞു  ആയിരം സലാത്തിന്റെ  രൂപത്തില്‍ ജലധാരകള്‍ പുറത്തേക്കു വരുന്നതും
കാണുമ്പോള്‍ കൂടെ ജീവിക്കുന്ന ഒരാള്‍ക്ക്‌ എങ്ങിനെ ദേഷ്യവും അമര്‍ഷവും ഒക്കെയായി ജീവിക്കാന്‍ പറ്റും
മാത്രമെല്ല  ..ഈ അടുത്തു എന്നെ അറബി പഠിപ്പിക്കുക എന്നാ മഹധൌത്യവും  അബു ആഹ്മെദ്‌  ഏറ്റെടുത്തു ഇരിക്കയാണ് .അതും ഈ മദീനയില്‍ വെച്ചു .
ഞാനെന്തെങ്കിലും  പറയുന്നതിന് മുന്‍പ് തന്നെ അയാള്‍  കൌണ്ടെരിന്റെ മുന്നില്‍ നിന്നും നടന്നു ...നേരെ മുന്നിലുള്ള  കസേരയില്‍  അമര്‍ന്നിരുന്നു
ഞാന്‍ വീണ്ടും യാത്രക്കാര്‍ പുറത്തിറങ്ങി വരുന്ന വഴിയിലേക്ക് കണ്ണയച്ചു  ദമ്മാം ഫ്ലൈറ്റില്‍  വന്നവര്‍ മിക്കവാറും  പുറതെക്കൊഴുകിയിരുന്നു..ഇനി  മൂന്നു മണിക്കുള്ള  റിയാദ് ഫ്ലൈറ്റ് മാത്രമേ ഉള്ളു . അത് വരെ പ്രതേകിച്ചു പണി ഒന്നും തന്നെ ഇല്ല ..ഒരു നിമിഷം.മനസ്സ് നാട്ടിലേക്കൊടി .ഇതാണ് ഈ മനസ്സിന്റെ  വല്ലാത്ത കളി ഒരു നിമിഷം ജോലിയുടെ ഭാരം എങ്ങിനെയെങ്കിലും ഒന്ന് കുറഞ്ഞാല്‍ മതി ഉടനെ നാടിലെ ഭാരം എടുത്തു നെഞ്ചില്‍ കയറ്റി വെക്കും ..
ഞാനും കസേരയിലേക്ക് ചാഞ്ഞു  സ്ഥിരം കലാപരിപാടിയായ പത്രവയനയിലേക്ക് തിരിഞ്ഞു ...പത്രം വായിക്കുമ്പോഴും  അറിയാതെ കണ്ണുകള്‍  മുന്നില്‍ ഇരിക്കുന്ന  ആ മനുഷ്യന്റെ  മുഖത്തേക്ക്  നീളുന്നുണ്ടായിരുന്നു
അയാള്‍ ഇടയ്ക്കൊന്നു ചിരിച്ചു ..ഞാനും
ഞാന്‍ വീണ്ടും വായന തുടര്‍ന്നു
പക്ഷെ  അക്ഷരങ്ങളുടെ  ജഡ കാഴ്ചകള്‍ കാണുക എന്നതില്‍ അപ്പുറം മനസ്സില്‍ ഒന്നും കയറുന്നില്ല .വീണ്ടും അറിയാതെ അയാളിലേക്ക് തന്നെ ശ്രദ്ധ പോകുന്നു ...ഒന്നുകില്‍ ഇയാളെ ഇതിനു മുന്‍പ് ഞാന്‍ കണ്ടിട്ടുണ്ട്
ഈ മുഖം ഓര്‍മകളുടെ തണല്‍ മര ചോട്ടില്‍ ആരോ ഉപേക്ഷിച്ച  ചോര കുഞ്ഞിനെ പോലെ .എന്നെ നോക്കി ദീനമായി കരയുന്നുണ്ടോ ?
ഞാന്‍  പത്രം മടക്കി വെച്ച് .മെല്ലെ  അയാള്‍ ഇരുന്നിടതെക്ക്  നടന്നു  സാധാരണ ഞങ്ങള്‍ ഗള്‍ഫ്‌ കാരുടെ  ആദ്യ ചോദ്യം  അയാളുടെ മുന്നിലേക്ക്‌ എറിഞ്ഞു കൊടുത്തു
നിങ്ങള്‍ നാട്ടില്‍ എവിടെയാ..?
ഞാന്‍ തലശ്ശേരിയിലാ ..ഇങ്ങള്
ഇതും ഞങ്ങള്‍ ഗള്‍ഫുകാരുടെ ഉത്തരങ്ങളുടെ ഒരു പ്രത്യേകതയാണ് .നാടു ചോദിച്ചു ഉത്തരം പറയുന്ന ആള്‍  ഉത്തരതോടപ്പം മറ്റൊരു ചോദ്യം  വച്ച് കെട്ടും ;
"ഞാന്‍ മാഹിയിലാ"
ആഹ  മാഹിയിലോ ..എന്താ പേര്
"എന്റെ പേര്  അനില്‍  "ഇക്കാന്റെ പേര്
"അനില്‍ എന്നോ അതോ അനീസ്‌  എന്നോ "
അല്ല  അനില്‍   തന്നെ
"അപ്പൊ ഇങ്ങള് ".....ഞാന്‍  വെറുതെ പോയി തലവെച്ചു കൊടുത്തോ എന്നൊരു സംശയം തോന്നുപോഴേക്കും മൂപ്പര്‍ തുടര്‍ന്നു  "അല്ല  വേറൊന്നും തോന്നരുത് .ഇവിടെ .മദീനയില്‍ .നിങ്ങള്‍ക്കൊക്കെ വരാന്‍ പറ്റുമോ
ഇത്രയും കാലത്തിനിടയ്ക്ക് ..ഹിന്ദുക്കള്‍ ആയി   ഞാന്‍ വേറെ ഒരാളെയും അങ്ങിനെ ഇവിടെ കണ്ടിട്ടില്ല  അത് കൊണ്ട് ചോദിച്ചു പോയതാ .
നമ്മുക്ക്  ഈ എയര്‍പോര്‍ട്ടില്‍  ജോലി ചെയ്യുന്നതിന് തടസ്സങ്ങള്‍ ഒന്നും ഇല്ല .മദീന നഗരത്തിന്റെ  ഉള്ളിലേക്ക്  പോകാന്‍ പാടില്ല എന്നെ ഉള്ളൂ .. ആട്ടെ അത് പോട്ടെ ഇക്കാന്റെ പേര് പറഞ്ഞില്ല
ഞമ്മളെ പേര് .മുഹമ്മെദ അലി ..നാട്ടിലൊക്കെ മമ്മാലി  എന്നാണ് വിളിക്കാറ്  ആടെ മോന്‍ മാഹിയില്‍ എവിടെയാ ?
ഞാന്‍ പള്ളൂരിലാണ് ;ഇക്കയോ?
സൈധാര്‍ പള്ളിയക്കടുതാ
ഇവിടെ വന്നിട്ട് ഒരു പാടു ആയോ ?
എന്റെ ചോദ്യത്തിനു ഒരു ദീര്‍ഘ നിശ്വാസം നാസരന്ദ്രങ്ങളുടെ എല്ലാ വേലികളെയും തകര്‍ത്തു വായുവില്‍ വിലയം പ്രാപിക്കുന്നതിന്റെ അലയൊലികള്‍ എനിക്ക് കേള്‍ക്കാമായിരുന്നു
"ഇവിടെ വന്നിട്ടിപ്പോള്‍  എട്ടു വര്ഷം ആകുന്നു "
ഈ അടുത്തെങ്ങാന്‍  നാട്ടില്‍ പോയിരുന്നോ ഇക്ക ?
ഇവിടെ വന്നിട്ട് ഇതുവരെ പോയിട്ടില്ല
എട്ടു വര്‍ഷമായിട്ടും ...ഇതു വരെ നാട്ടില്‍ പോയിട്ടില്ലേ ? രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ പോയാലും മതിവരാതെ ഹുണ്ടി ഫോണും ..പിന്നെ വെള്ളിയാഴ്ച ഫോണും ..ഒക്കെയായി കാലം കഴിക്കുന്ന എന്നില്‍  എട്ടുവര്‍ഷമയിട്ടും നാട് കാണാത്ത ഒരാള്‍ എല്ലാ കാഴ്ചയ്ക്കും അപ്പുറത്തുള്ള പ്രഹേളിക തന്നെയായി പടരുകയായിരുന്നു ...
പിന്നെ ഇക്ക പറയുകയായിരുന്നില്ല  കരയുകയായിരുന്നു ...ഞാനിവിടെ വരുമ്പോള്‍ വീട്ടില്‍ കെട്ടിക്കാന്‍ പ്രായം ആയ പെങ്ങളുണ്ടായിരുന്നു  രണ്ടു മൂന്നു വര്‍ഷത്തെ അദ്ധ്വാനതാല്‍ അല്‍ഹം  ദു ലില്ലഹ്  അതങ്ങ് നടന്നു കിട്ടി ...
ഞാനിവിടെ വരുമ്പോഴേ മകള്‍ക്ക്  പതിമൂന്നു വയസ്സ് ആയിരുന്നു .ഇപ്പോള്‍ അവള്‍ക്കു ഒരു നല്ല ബന്ധം ഒത്തു കിട്ടിയിട്ടുണ്ട് ..അത് നടത്താനുള്ള തത്ര പാടിലാ ...അത് കൂടി കഴിഞ്ഞിട്ട് വേണം നാടിലേക്ക് പോകാന്‍ ..
അല്ല ഇക്ക  അപ്പോള്‍  നിങ്ങളുടെ ദാമ്പത്യം ..കഴിഞ്ഞ എട്ടു വര്‍ഷമായി കെട്ടിയ പെണ്ണ്‍ അവിടെ നിങ്ങളെ കാത്തിരിക്കുമ്പോള്‍ ..നിങ്ങള്‍ ഇവിടെ ഇരുന്നു ...കിട്ടുന്നത് അരിച്ചുവെച്ചു ..രക്തബന്തങ്ങള്‍ക്ക്  മണിയറ ഒരുക്കുന്ന വിരോധ ആഭാസം ....?
എന്ത് ചെയ്യാനാ  മോനെ അനീസേ .....നാട്ടില്‍ നിന്നും ഇവിടെ വരുമ്പോള്‍  അവിടെ  എനിക്ക് വില്‍ക്കാന്‍ ഒരു ഏഴു സെന്റ്‌ ഭൂമി ഉണ്ടായിരുന്നു ...ഈ മരുഭൂമിയില്‍ നിന്ന് എന്ത് വിറ്റിട്ട ഞാന്‍ നാട്ടിലേക്ക് പോകേണ്ടത് ....?
എന്റെ സ്മൃതി തീരങ്ങളില്‍ ഉഷ്ണതാപം ആഞ്ഞടിക്കുന്നതും ..തലച്ചോറില്‍ ഒരു നേര്‍ത്ത രോദനം മെല്ലെ വളര്‍ന്നു ഒരു വന്യരോദനം ആയി  ദിക്കുകള്‍ ഇല്ലാതെ അലയുകയും  ചെയ്തതിനാല്‍  റിയാദ് ഫ്ലൈറ്റ് വന്നതോ ആരെങ്കിലും എന്നെ കടന്നു പോയതയോ എനിക്ക്  കാണാന്‍ കഴിഞ്ഞില്ല ..........

2012, മാർച്ച് 1, വ്യാഴാഴ്‌ച

പ്രണയo











ഒരു പ്രണയത്തിന്റെ കണ്ണാടിയില്‍
കാണാത്ത നിഴലുകളുടെ നീണ്ട കാവല്‍
ഒരു നിഴലും മറ്റേ നിഴലിനു ഭാരമാകാതെ
 ആത്മാവിന്റെ തുറിച്ചു നോട്ടങ്ങളില്‍
കത്തിയമരുന്ന രാസമാറ്റം
ഞാന്‍ കാമുകനാനെന്നും നീ കാമുകിയാന്നെന്നും
തിരിച്ചരിയതിടതോളം
ഒരു പ്രണയവും മരിക്കുന്നില്ല
ഒരു ദര്‍ശനത്തില്‍
കൃഷ്ണമണികള്‍ കണ്ണാടിയിലെന്നപോലെ
ആത്മരൂപം തിരിച്ചറിയുമ്പോള്‍
അന്പെന്ന വാക്കിനു
ഒക്സിജെന്‍ സിലിണ്ടറിലെ
അവസാനത്തെ വായുമാത്രയുടെ
മുജ്ജന്മ തിളക്കം