ഒരു പള്ളൂര്‍ക്കാരന്‍റെ ചിന്തകളിലേക്ക്.....

2013, ജനുവരി 31, വ്യാഴാഴ്‌ച

കൊഴിഞ്ഞ മാമ്പൂക്കള്‍

കണ്ണിമ  പോലെ ഇളം കാറ്റില്‍
പാതിയുലഞ്ഞും പാതികൂമ്പിയും
ചില്ലകള്‍ക്കപ്പുറം ചെറുചില്ലയായി മാമ്പൂക്കള്‍
അമ്മിഞ്ഞ പാലിന്‍ മണംനിറച്ച വഴിയോരങ്ങള്‍

കണ്ണിമാങ്ങയോളമവള്‍ വളരുമ്പോഴേക്കും
ചാപിള്ളയായരികില്‍ സഖികളുടെ ബാലപ്രേതങ്ങള്‍
ഓരോ കുലതണ്ടിലും ഭ്രൂണഹത്യ ചെയ്യപെട്ട
ആത്മസഖിയാം മാമ്പൂക്കളും മറവിയാല്‍ മറച്ച മണങ്ങളും

നീ കണ്ണിമാങ്ങയായ് ചെറുകാറ്റ്  ചൊല്ലുമ്പോള്‍
പൊക്കിള്‍ കോടി അമ്മമാവിന്‍ ചുനയാല്‍  തുടുത്തും ;
സ്നിഗ്ദ്ധമാം ഹരിത കേശത്തില്‍ പൌഡറും പൂശി
അമ്മ തൊട്ടിലില്‍ താരാട്ടിന്‍ മൃദുമര്‍മരത്തില്‍ മയങ്ങി ,

ഇടയ്ക്കെപ്പോഴോ ഉണര്‍ന്നു നോക്കവേ മഞ്ഞ
വാരി തൂവിയ ശാരീരത്തില്‍ നിറയൗവ്വനതിന്‍ ഇലച്ചാര്‍ത്ത്
ഉള്ളില്‍ കാലം കരുതിയ വിത്തതിന്‍ പൂര്‍ണതയാല്‍
ദേഹം ;മധുരസമ്പുഷ്ടം കൊതിവിതറി കാഴ്ചശീവേലി

 കാലമാകുമ്പോള്‍ ഞെട്ടറ്റു വീഴണം ഓര്‍മ്മകള്‍ ബാക്കിയാക്കി
രാശിയൊത്ത കാലത്തൊരു കാറ്റിന്‍ കൈകളാലോ
തോട്ടിയാല്‍  ബലാല്‍കാരമായി കഴുത്തറുതോ 
കാക ദൃഷ്ട്ടി ഉന്നം തെറ്റി തൊലിയില്‍ തെന്നിയെത്തിയോ

വഴിഭാണിഭത്തിന്‍ ചില്ലറ തുട്ടില്‍ മണപ്പിച്ചു നോക്കിയും
പിന്നെ തലോടിയും കൊണ്ട് പോകുന്നവര്‍
മങ്ങാതൊലിയെന്ന അശ്ലീല പരാമര്‍ശം മാത്രമായി
വലിച്ചെറിയും വരെ ജീവിക്കുക തന്നെ

2013, ജനുവരി 25, വെള്ളിയാഴ്‌ച

പരേഡ്

കെട്ടിയാടും പരേഡിലല്ലോ രാജ്യതന്ത്രം പട്ടാള ശക്തിയുടെ നെഞ്ചൂക് നാം കണ്ടു തൃപ്തരാവുക
റിപബ്ലിക്ക്‌ ദിനങ്ങള്‍ക്കിടയില്‍ ജ്രഭിച്ചു നില്‍ക്കും കൊടിക്കൂറയ്ക്കുള്ളിലാണ് ദേശഭക്തി

ആയുധശേഖരം ശത്രുവെ കാണിച്ചും ആഞ്ഞു ചവിട്ടിയും  ജവാന്റെ കാലില്‍
എന്റെ രാജ്യം സുരക്ഷിതമാണെന്ന ബാലപാഠം പഠിപ്പിച്ചു വിടലാണോരോ  പരേഡും

പിണ്ഡം വെച്ച് പടിയടച്ച വൈദേശികര്‍ വിലയിട്ടു നല്‍കിയ ആയുധശേഖരമാണന്റെ രാജ്യശക്തി
മൈക്കിലൂടെ ചെവിയടക്കുമുച്ചതില്‍ സഹോദരത്വം വിളമ്പുന്ന പായസദാനം

ചെങ്കൊട്ടയില്‍  കല്ലുകളിപ്പോള്‍ ചെവി പൊത്തി നില്‍ക്കുകയാണെങ്കിലും
ഓരോ റിപബ്ലിക്കിലും മുഴങ്ങാറൂണ്ട്  ദരിദ്ര നിര്‍മാര്‍ജന മിമിക്രി

ടി വി യില്‍ ദേശ ഭക്തിഗാനം റിമോട്ടിനാല്‍ ശബ്ദം നിയന്ത്രിതം
പരേഡ് സ്പോണ്‍സര്‍ ചെയ്യും കമ്പനിയുടെ ഷേവിംഗ് ബ്ലേഡ് വാങ്ങി ദേശഭക്തരാവാന്‍ ആഹ്വാനം