ഒരു പള്ളൂര്‍ക്കാരന്‍റെ ചിന്തകളിലേക്ക്.....

2013, ഫെബ്രുവരി 28, വ്യാഴാഴ്‌ച

സ്വപ്നാടനം

നാല്പതാം നിലയിലെ ബാല്‍കണിയിലിരുന്ന് ,
അടിവാരത്തു കളിപ്പാട്ടം പോലെ വാഹനം പാര്‍ക്ക് ചെയ്യുന്നത് ;
നിഴലാട്ടമായ്  മനുഷ്യരെ കാണുന്നത് ,
ഇല്ലാത്ത ദൈവം
ഉള്ള മനുഷ്യരെ കാണുന്നുണ്ടെന്ന പോലൊരു തോന്നലാണ് .
പറക്കാന്‍ ചിറകില്ലാത്തവന്‍
നടക്കാന്‍ കാലില്ലാത്തവന്‍
കിടക്കാന്‍ മണ്ണില്ലാത്തവന്‍
അവര്‍ക്കിടയിലേക്ക് വിരുന്നു വരുന്ന
സ്വപ്ന ഭിക്ഷാടനം ...
ഇടമില്ലാതെ അനാഥമായ ഹൃദയം
കൂടിച്ചേരാന്‍ ഇടം ലഭിക്കാത്ത മനസ്സ്
വ്യഭിചരിക്കാന്‍ ലൈസന്‍സ് കിട്ടാത്ത ലോഡ്ജ്
അച്ഛനെ കെട്ടിയിട്ട വൃദ്ധസദനം
അമ്മയ്ക്ക് വായ്ക്കരി വെച്ച കലം കെട്ടിതൂക്കിയ ഉമ്മറം
ഒക്കെയൊരു തോന്നലാണ്
ഇല്ലാത്ത ദൈവം
ഉള്ള മനുഷ്യരെ കാണുന്നുണ്ടെന്ന പോലൊരു തോന്നലാണത്
തൂശനില നഗ്നയായി മലര്‍ന്നു കിടന്നു സ്വപ്നം കാണുന്നു
സദ്യയ്ക്കാണോ ബലിചോറിനാണോ ..
നിലവിളക്കിന്‍ തിരി കണ്ണാരം പൊത്തുന്നു
ആനയും മയിലും പിന്നെ പ്രാപ്പിടിയനും
ഒരുമിച്ചുറങ്ങുന്ന ചുവരിലെ ചോക്ക് പൊടി
ഒക്കെയൊരു തോന്നലാണ്
ഇല്ലാത്ത ദൈവം
ഉള്ള മനുഷ്യരെ കാണുന്നുണ്ടെന്ന പോലൊരു തോന്നലാണത്









2013, ഫെബ്രുവരി 24, ഞായറാഴ്‌ച

ഗോളാന്തരവാര്‍ത്ത

വാര്‍ത്തയെന്ന പേരിലൊരു ജീവിയുണ്ട്
ഒരു പ്രോമിത്യുസിയന്‍ കരളു പോലെ

ഓരോ പിളര്‍ന്ന ചുണ്ടിനിടയില്‍ നിന്നും ജനിച്ചു
കൊത്തി പറിക്കുമ്പോള്‍

ആയിരമായി വളര്‍ന്നു
ഭൂതലങ്ങളില്‍ സംപ്രേക്ഷിച്ചു

ഭൂഖണ്ടാന്തരങ്ങളിലേക്ക് പറക്കുന്ന ജീവി
പെറ്റിട്ടവര്‍ നാലുനാള്‍ കൊണ്ട് കൊല്ലുന്ന ജീവി

ഇടയ്ക്കിടെ പൂച്ചയെപോലെ എട്ടുദിക്കിലേക്ക്
പെറ്റിട്ട വാര്‍ത്ത‍കുഞ്ഞിനെ കടിച്ചു കൊണ്ടുപോം ജീവി

ചാപിള്ളയാകുന്ന സത്യവാര്‍ത്ത
നൂറായിരം നുണകളുടെ ഒസ്യത്ത് വാര്‍ത്ത

പണക്കൊഴുപ്പിനാല്‍ തടിച്ച വാര്‍ത്തയില്‍ ഒച്ച്‌
ധനപ്രഭയില്‍ അശ്വമേധം

കള്ളന്മാര്‍ പടിയിറങ്ങിയ ഗോവണിക്കടിയില്‍
തുരുമ്പിച്ച ഒളിക്യാമറ ;മൂര്‍ച്ച തുരുമ്പിച്ച നാരായം,

തലച്ചോര്‍ഭുക്കായ വാര്‍ത്താ ജീവിക്ക്
ശിരസ്സ് കാഴ്ചവെച്ചാല്‍ മാന്യനായി വാഴാം
മഹാനായി മേവാം

വാര്‍ത്തയെന്ന പേരിലൊരു ജീവിയുണ്ട്
നിങ്ങളെ കൊല്ലാനും
നിങ്ങള്ക്ക് കൊല്ലാനുമാകാതെ ....
അത് പറന്നു നടക്കയാണ്
ഭൂതലങ്ങളില്‍ സംപ്രേക്ഷിച്ചു
ഭൂഖണ്ടാന്തരങ്ങളിലേക്ക് പറക്കയാണ് ...













2013, ഫെബ്രുവരി 17, ഞായറാഴ്‌ച

കോണ്ക്രീറ്റ് ഗുഹയിലെ ചുമര്‍ചിത്രങ്ങള്‍

ഫ്ലാറ്റ് ഒരു ഗുഹയാണ് ;
കയറാനും ഇറങ്ങാനും ഒറ്റ വഴി മാത്രമുള്ള
ആധുനിക ഗുഹ.
കുന്നു നിരത്തി പണിത കോണ്ക്രീറ്റ് പിരമിഡ് 
താഴെയും മുകളിലും ഇടതും വലത്തും
പല മാളങ്ങള്‍ ;ജീവിത താളങ്ങള്‍
മണ്ണറിയാത ചില ജന്മങ്ങള്‍ കളിക്കോപ്പ് കൊണ്ട്
റിമോര്‍ട്ട് യുദ്ധം നടത്തുകയും 
ചോട്ടാ ഭീമന്‍ ഞാനെന്നു നിനച്ച് ;
ഒരുകാല്‍ ചവിട്ടി മറുകാല്‍ വാഴയില പോലെ ,
നെടുകെ കീറി ജരാസന്ഥജന്മമായച്ചനെ
എടുത്തെറിയപെടുന്ന ചുവര്‍ചിത്രങ്ങളോടെ 
ആധുനിക ഗുഹ...
താഴത്തെ നിലയില്‍നിന്നും വിഴുങ്ങി
 ഓരോ നിലയില്‍  വിസര്‍ജിച്ചു
മറ്റൊരു അതിഥിയുടെ വരവിനായ്കാത്തിരിപ്പാണ് 
ലിഫ്റ്റ്‌മാളം ഗര്‍ഭപാത്രം പോലെ;
ഗുഹക്കുള്ളില്‍ ചെറു ദ്വാരങ്ങളില്‍ ;
ഷവര്‍ മഴയില്‍ ആദിമ മനുഷ്യന്‍ ,
അടുക്കളയിലെ  ഉഷ്ണമേഖലയില്‍
സമയം വേവിച്ച കുക്കറില്‍
ആര്ത്തനാദമായ് നിലവിളി;
പാറകള്‍ തമ്മിലടിക്കുന്ന മ്യൂസിക്‌ പ്ലയറിലെ ബീറ്റ്സ് ,
പോയകാലത്തിന്റെ തുരുമ്പെടുത്ത ആണിയില്‍
ഈ ഗുഹയുടെ ചുമരില്‍ ചിത്രങ്ങള്‍ കൊത്തിവെക്കുകയല്ല
തലതിരിച്ചു തൂക്കി ഇടുകയാണ് ...
 ഒരു താക്കോല്‍ വിശ്വാസത്തില്‍ 
പണിത ഗുഹയാണ് ഫ്ലാറ്റ് ..
കയറാനും ഇറങ്ങാനും ഒറ്റ വഴി മാത്രമുള്ള
ആധുനിക ഗുഹ....

2013, ഫെബ്രുവരി 7, വ്യാഴാഴ്‌ച

ഗാന്ധി

ആല്‍ത്തറയില്‍ തുറന്നു വെച്ച
പുസ്തകം പോലെ ജീവിതം ;
വഴിയാത്രക്കാള്‍ , വാണിഭക്കാര്‍
ചരിത്രകുതുകികള്‍ ,പണ്ഡിതന്മാര്‍
ഓരോതാളും മറിച്ചുനോക്കിയും
അവരുടെ യുക്തിയാല്‍ മറുഭാഷ്യം ചമച്ചും
പുസ്തകം മുഷിഞ്ഞു പോയി
കാലം മഞ്ഞചാര്‍ത്തിയ
പോയകാലത്തിന്റെ വെള്ള പുറംചട്ടയില്‍ 
കാഴ്ചവറ്റിയ ആദ്യവരിയില്‍
ഗാന്ധിയെന്ന പേര് മാത്രം
ഗാന്ധിമാരില്‍ ഏതോ ഒരു ഗാന്ധിയല്ലതു ;
സത്യമന്വേഷിച്ച ജീവിത പരീക്ഷയില്‍ .
നെഞ്ചില്‍ വെടിയുണ്ട പൂജ്യം വരച്ച ,
സ്വപ്നങ്ങളില്‍ ഗ്രാമം മാത്രമുണ്ടായ ഗാന്ധി .