ഒരു പള്ളൂര്‍ക്കാരന്‍റെ ചിന്തകളിലേക്ക്.....

2013, ഫെബ്രുവരി 28, വ്യാഴാഴ്‌ച

സ്വപ്നാടനം

നാല്പതാം നിലയിലെ ബാല്‍കണിയിലിരുന്ന് ,
അടിവാരത്തു കളിപ്പാട്ടം പോലെ വാഹനം പാര്‍ക്ക് ചെയ്യുന്നത് ;
നിഴലാട്ടമായ്  മനുഷ്യരെ കാണുന്നത് ,
ഇല്ലാത്ത ദൈവം
ഉള്ള മനുഷ്യരെ കാണുന്നുണ്ടെന്ന പോലൊരു തോന്നലാണ് .
പറക്കാന്‍ ചിറകില്ലാത്തവന്‍
നടക്കാന്‍ കാലില്ലാത്തവന്‍
കിടക്കാന്‍ മണ്ണില്ലാത്തവന്‍
അവര്‍ക്കിടയിലേക്ക് വിരുന്നു വരുന്ന
സ്വപ്ന ഭിക്ഷാടനം ...
ഇടമില്ലാതെ അനാഥമായ ഹൃദയം
കൂടിച്ചേരാന്‍ ഇടം ലഭിക്കാത്ത മനസ്സ്
വ്യഭിചരിക്കാന്‍ ലൈസന്‍സ് കിട്ടാത്ത ലോഡ്ജ്
അച്ഛനെ കെട്ടിയിട്ട വൃദ്ധസദനം
അമ്മയ്ക്ക് വായ്ക്കരി വെച്ച കലം കെട്ടിതൂക്കിയ ഉമ്മറം
ഒക്കെയൊരു തോന്നലാണ്
ഇല്ലാത്ത ദൈവം
ഉള്ള മനുഷ്യരെ കാണുന്നുണ്ടെന്ന പോലൊരു തോന്നലാണത്
തൂശനില നഗ്നയായി മലര്‍ന്നു കിടന്നു സ്വപ്നം കാണുന്നു
സദ്യയ്ക്കാണോ ബലിചോറിനാണോ ..
നിലവിളക്കിന്‍ തിരി കണ്ണാരം പൊത്തുന്നു
ആനയും മയിലും പിന്നെ പ്രാപ്പിടിയനും
ഒരുമിച്ചുറങ്ങുന്ന ചുവരിലെ ചോക്ക് പൊടി
ഒക്കെയൊരു തോന്നലാണ്
ഇല്ലാത്ത ദൈവം
ഉള്ള മനുഷ്യരെ കാണുന്നുണ്ടെന്ന പോലൊരു തോന്നലാണത്









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ