ഒരു പള്ളൂര്‍ക്കാരന്‍റെ ചിന്തകളിലേക്ക്.....

2013, മേയ് 2, വ്യാഴാഴ്‌ച

പള്ളൂരോര്മ്മ

പള്ളൂർ എന്ന ഒറ്റ വാക്കിനെ  പിരിച്ചെഴുതി രണ്ടു വാക്കാക്കി പരിചയപെടുത്തി തന്നത് പണ്ടൊരു സ്കൂൾ സാഹിത്യോത്സവം ഉദ്ഗാടനത്തിനു വന്ന പൊക്കമില്ലാ കവി കുഞ്ഞുണ്ണി മാഷ്‌ ആയിരുന്നു പള്ളകളുടെ ( വയറിന്റെ ) ഊര് ആണ് പള്ളൂർ എന്നു പറഞ്ഞാണ് അന്ന് കവി തന്റെ സരസഭാഷണം തുടങ്ങിയത്  വയറിന്റെ വലിപ്പമല്ല വയറു നിറയ്ക്കാൻവേണ്ടി വേല ചെയ്യുന്ന സാധാരണ കാരന്റെ ഊര് എന്ന അർത്ഥത്തിൽ പള്ളൂരിനെ ഒറ്റ നോട്ടത്തിൽ കവി പറഞ്ഞു തന്നു ... കുഞ്ഞുണ്ണി മാഷ്‌ അതിനു മുന്നെയോ അതിനു ശേഷമോ പള്ളൂരിലോ പള്ളൂര്സ്കൂളിലോ വന്നിരുന്നോ എന്ന് എനിക്കറിയില്ല
പള്ളൂരിന്റെ ഭൂമിശാസ്ത്രപരമായ അളവുകളും വിസ്തൃതിയും ഒന്നും അറിയാത്ത എനിക്ക് പള്ളൂരിന്റെ തുടക്കവും ഒടുക്കവും പള്ളൂർ സ്കൂളിനു ചേർന്ന് നില്ക്കുന്ന ഗ്രൌണ്ടും പരിസരവും മാത്രമാണ് കേന്ദ്ര ഭരണ പ്രദേശമായ  മാഹിയുടെ ഭാഗമാണെങ്കിലും പള്ളൂരിനു മാഹിയെക്കൾ ഇഷ്ടം തലശേരിയോട് ആണെന്ന് പലപ്പോഴും പണ്ട് തോന്നിയിട്ടുണ്ട് അതിനുള്ള പ്രധാന കാരണങ്ങൾ തലശേരിയിലെക്കുള്ള യാത്ര മാഹി യാത്രയെക്കൾ എളുപ്പമായിരുന്നു എന്നതാവാം.   വിനോദം എന്നാൽ തലശേരി ടാക്കീസുകളിൽ പുറത്തിറങ്ങുന്ന പുതിയ സിനിമകളുടെ ആദ്യ കാഴ്ചക്കാരൻ ആകുക എന്ന് മാത്രം അർഥം കണ്ടിരുന്ന മൊബൈല് പോയിട്ട് ടി വി പോലും ഇല്ലാത്ത കാലത്ത് ജീവിച്ച അന്നത്തെ കൗമാരകാര്ക്ക് വിശേഷിച്ചും
ഇപ്പോൾ നാല്പതു കഴിഞ്ഞു ജീവിക്കുന്ന ആരുടെയും ഏറ്റവും വലിയ സമ്പത്ത് എന്നത് കൂടുതൽവേഗതയുണ്ടാകാതിരുന്ന പഴയ കാലത്തോടും വേഗതയാര്ന്ന പുതിയ കാലത്തോടും സന്ധിയാവാൻ കഴിയുന്നു എന്നത് തന്നെയാവണം
പള്ളൂരിൽ  ബാറുകളോ പെട്രോൾ പമ്പുകളോ മുളക്കാത്ത വികസനം ഇല്ലാത്ത കാലത്താണ് ഞാനൊക്കെ പള്ളൂരെക്കു പിറന്നു വീണത്‌ .
എവിടേക്കും എപ്പോഴും യാത്ര സൗകര്യം ഉണ്ടായിരുന്ന തലശ്ശേരി പെരിങ്ങത്തൂർറോഡിനു  അടുത്തു തന്നെയായിരുന്നു പ്രാരാബ്ധങ്ങളുടെ വിളനിലമായ എന്റെ വീട് എന്നത് കൊണ്ട് തന്നെ പള്ളൂരിന്റെ വളര്ച്ചയും കിതപ്പും ഞങ്ങള്ക്ക് വേഗം മനസിലാകുമായിരുന്നു ... ആ മെയിൻ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന കാതങ്ങൾ നേരെ നടന്നിരുന്നു എങ്കിൽ ഒരു പക്ഷെ "എവിടെ എങ്കിലും" എത്തിയേനെ ..
ഇന്നത്തെ കീർത്തി ബാർ പുരുഷു ഡ്രൈവറുടെ വീടായും അതിനു കുറച്ചു കൂടി പഴയ കാലത്തിൽ ഒമേഗ എന്ന തണുക്കുന്ന ബാർ ചെംബ്രയിലെ ഗൊവിന്ദെട്ടൻ വാഴയിലയിൽ പൊതിഞ്ഞ പുട്ടും കടലയും വിറ്റിരുന്ന ടീ ഷാപ്പ് മാത്രമായും അറിയപെട്ട കാലത്ത്
പള്ളൂർപോലീസ് സ്റ്റെഷൻ റോഡിൽ നിന്നും ഇടയിൽ പീടികയിലേക്ക്‌ പോകും വഴിയിൽ ജോളി ബാറിലെ ലഹരി പടരുന്ന വായുപുറത്തേക്കു വരുന്നതിനു മുൻപേ  അവിടത്തെ വായുവിനു അരിചാക്കിന്റെയും മണ്ണെണ്ണയുടെയും ഗന്ധമായിരുന്നു
ബാറുകളും പമ്പുകളും വികസന മാതൃകകൾ ആവുകയും പലരുടെയും ചായ കടകളും വീടുകളും ചുളുവിലയിൽ സംഘടിപ്പിച്ച കങ്കാണി മാർ വീടും ഒറ്റ മുറി പീടികകളും ബാറിലേക്ക്  പറിച്ചു നട്ടപ്പോൾ പലരും പിന്നെ വീട് പോലെ തന്നെ ബാറിന്റെ തിണ്ണയിൽ കിടന്നുറങ്ങാനും ശീലിച്ചു .. നാദാപുരത്ത് നിന്നും കല്ലാച്ചിയിൽ നിന്നും ജീപ്പുകളും ഓട്ടോ റിക്ഷകളും വിശ്രമ വേളകൾ ആനന്ദകരമാക്കാൻ പള്ളൂരിനെ തിരഞ്ഞെടുത്തു ... കാലം പുരോഗമിച്ചു കൊണ്ട് പായുമ്പോൾ പള്ളൂർ എന്ന കുഞ്ഞുണ്ണി മാഷുടെ പള്ളകളുടെ ഊര് പള്ള നിറയെ കള്ള് ചുളുവിനു കിട്ടുന്ന നാടായി മാറി .... ഞാനൊന്ന് പള്ളൂര് വരെ പോകുന്നു എന്ന് ഏതെങ്കിലും കോടിയേരി കാരാൻ പറഞ്ഞാൽ അതിനര്ത്ഥം രണ്ടെണ്ണം വീശിയിട്ട്‌ വരാം എന്നുമായിരിക്കുന്നു .. ( തുടരും )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ